കളരിപ്പയറ്റിന്‍റെ അടിസ്ഥാന പരിശീലനമാണ് മെയ്പ്പയറ്റ് . മെയ് വഴക്കം, മെയ്യൊതൂക്കം, മെയ്യിറക്കം,മെയ്യടക്കം എന്നിങ്ങ നെയും ഇതിന്ന്‍ പറഞ്ഞുവരുന്നു.ഇതിന്‍റെ ലക്ഷ്യം, നാം ഉദ്ദേശി ക്കുന്ന രൂപത്തില്‍ നമ്മുടെ ശരീരത്തെ ചലിപ്പിക്കുന്നതിന്ന് വേണ്ടിയുള്ള പരിശീലനമാണ്. ഒപ്പം, അംഗലാഘവം,പ്രയോഗ വേഗത,ദൃഷ്ടികളുടെ ഏകാകൃത,മനസ്സിന്റെയും ദൃഷ്ടികളുടെയും ഏകീകരണം,സ്വശരീരത്തെ ആക്രമണങ്ങളില്‍ നിന്ന്‍ പ്രതിരോധിക്കാനുള്ള ദേഹസ്വധീനം ഉണ്ടാക്കുക എന്നതും മെയ്പ്പയറ്റിന്റെ ലക്ഷ്യത്തില്‍ പെട്ടതാണ്.
മെയ്പ്പയറ്റ് പരിശീലിക്കുന്നതിലൂടെ ആക്രമണങ്ങളെ നേരിടുന്നതിനും പ്രതിരോധിക്കുന്നതിന്നും വേണ്ടി ശരീരത്തിന്ന് ഏത് നില കൈകൊള്ളുന്നതിന്നും അവിശ്വസനീയ വേഗതയില്‍ ചാടാനും,തിരിയാനും മറിയാനും,അതിശയപ്പെടുത്തുമാറുള്ള ദ്രുതചലനങ്ങള്‍ സ്വായത്തമാക്കാനും സാധിക്കുന്നു.കൈ കാലുകള്‍ കൊണ്ട് ഒരേ വിധത്തിലുള്ള വേഗതയിലും സൂക്ഷ്മമായും ചെയ്യാന്‍ സാധിക്കുന്ന പ്രയോഗ സിദ്ധി നേടിയെടുക്കാന്‍ ഇതിലൂടെ സാധിക്കുന്നതാണ്. അതുകൊണ്ടാണ് " മെയ് കണ്ണാകുക " എന്ന പയറ്റ് മൊഴി കിട്ടുവാന്‍ തന്നെ കാരണം.കണ്ണടച്ചു തുറക്കുന്ന വേഗതയില്‍ നീക്കങ്ങളും പ്രയോഗങ്ങളും ചെയ്തു കഴിയണം എന്നതാണ് ഈ മൊഴിയിലൂടെ ഉദ്ദേശിക്കുന്നത്. അക്ഷരജ്ഞാനം ഇല്ലാത്ത ആള്‍ക്ക് എഴുതാനും വായിക്കാനും സാധിക്കാത്തത് പോലെ, മെയ് സ്വാധീനം കൈവരാത്ത ആള്‍ക്ക് ആയുധങ്ങള്‍ സുഗമമായി കൈകാര്യം ചെയ്യാനോ തടവുകളും ഒഴിവുകളും നീക്കങ്ങളും മറ്റും ദ്രുതഗതിയില്‍ ചെയ്യുവാന്‍ സാധ്യമാവുകയില്ല.
നമ്മുടെ മുന്‍കാല ഗുരുനാഥന്‍മാര്‍ ശത്രുവിന്റെ നീക്കങ്ങളെ തടയിടുന്നതിന്റെയും തിരിച്ചുള്ള നീക്കങ്ങളുടെയും നൂറുക്കണക്കിന്ന് അഭ്യാസങ്ങള്‍ ഒരു മാലയിലെ മുത്തുമണികളെ പോലെ ശാസ്ത്രീയമായി കോര്‍ത്തിണക്കിയ ഒരു അഭ്യാസമുറയാണ് ഇത്. ചിട്ടപ്പെടുത്തിയ വഴിക്രമത്തിലുള്ള വായ്ത്താരികള്‍ക്കനുസരിച്ചാണ് ഇത് അഭ്യസിക്കുന്നത്. ആക്രമണത്തിന്നും പ്രതിരോധത്തിന്നും അവലംഭിക്കേണ്ട വിവിധ രീതികളിലുള്ള നിലകളും,നീക്കങ്ങളും,ചാട്ടങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും ഒക്കെ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എതിരാളിയുടെ നീക്കങ്ങളെ മനസ്സില്‍ കണ്ടുകൊണ്ട് മിന്നല്‍വേഗതയില്‍ എതിര്‍ നീക്കങ്ങള്‍ നടത്താന്‍ മെയ്പ്പയറ്റ് നമ്മെ പ്രാപ്തമാക്കുന്നു.
ഈ മുറകളെ തൊഴില്‍ ,അറപ്പ്, പയറ്റ് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്.
ഒരു ചുവടിനെ ആശ്രയിച്ചു കൊണ്ട് കുറച്ച് നീക്കങ്ങള്‍ ഉണ്ടാകും.ഇതിനെയാണ് ഒരു തൊഴില്‍ എന്ന്‍ പറയുന്നത്. ഒന്നില്‍ കൂടുതല്‍ ചുവടുകളെ ആശ്രയിച്ച് കൊണ്ടുള്ള നീക്കങ്ങള്‍ക്ക് ഒരു അറപ്പ് എന്ന്‍ പറയുന്നു.ഇങ്ങനെയുള്ള രണ്ടില്‍ കൂടുതലും ആറില്‍ കൂടാത്തതുമായ അറപ്പുകളെ പയറ്റ് എന്ന്‍ പറയുന്നു.
മെയ്പ്പയറ്റിനെ പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. മെയ്പ്പയറ്റ്,പകര്‍ച്ചക്കാല്‍ , കൈകുത്തി പയറ്റ്,വെട്ടും തഞ്ചം പയറ്റ്, ചെറുകാല്‍ പയറ്റ് തുടങ്ങിയവ.മെയ്പ്പയറ്റില്‍ തന്നെ ഓരോ ശൈലിക്കും വെവ്വേറെ മെയ്പ്പയറ്റുകള്‍ ഉണ്ട്.
No comments:
Post a Comment
'നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക'